കഥക്കൂട്ടിലേക്ക് സ്വാഗതം
ഒരു നിമിഷം....
സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....
Monday, November 30, 2009
അപരന്‍
"ഈ മീന്‍കറി കൊള്ളാമല്ലോ,എവിടെനിന്നാ ഈ പുഴമീന്‍".അച്ഛന്‍ ഊണിനിടയില്‍ തിരക്കി.മകന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു."പുഴമീനല്ല ഇത,മീന്‍റെ കോശത്തില്‍ നിന്നും തയ്യാറാക്കിയ അപരനാ!".അച്ഛന്‍ തീറ്റ നിറുത്തി.വാഷ്ബേസിനിലേക്ക് വലിയ ശബ്ദത്തില്‍ ച്ഛര്‍ദിച്ചു.
നൊസ്റ്റാള്‍ജിയ
പഞ്ചസാര മണലില്‍ പൂത്താം കോലു കളിച്ചതും,കളിമണ്‍ കോട്ടകള്‍ കെട്ടിയതും,നിലാവത്ത് മണലില്‍ മലര്‍ന്നുകിടന്ന് നക്ഷത്രങ്ങളെണ്ണിയതും ഗര്‍വ്വത്തോടെ അയാള്‍ അവര്‍ക്കുമുന്‍പില്‍ വിവരിച്ചപ്പോള്‍ അവരുടെ മുഖത്ത് ഗൃഹാതുരത നിറയുന്നതു കണ്ടപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞു നിറഞ്ഞു വന്നു.അടുക്കിയടുക്കി വെച്ച കോണ്‍ക്രീറ്റു കൂടുകളില്‍ ബന്ധിതരായ വയസ്സന്‍മാരായിരുന്നു അവര്‍.
അമ്മക്കിളിക്കൂട്
അമ്മയുടെ കൈകളില്‍ പിടിച്ച് പിച്ചവെച്ച് ഞാന്‍.പള്ളിക്കൂടത്തിന്‍റെ പടിവാതില്‍ക്കല്‍ കരഞ്ഞു മടിപിടിച്ചപ്പോള്‍ അമ്മ സ്നേഹത്തോടെ ശാസിച്ചു."മോനെ പഠിച്ചേ തീരൂ".ഉയര്‍ന്ന ശമ്പളത്തിന്‍റെ ജോലിത്തിരക്കില്‍ അമ്മതന്നെയാണവളെ പരിചയപ്പെടുത്തിയതും!ആദ്യരാത്രിയില്‍ തന്നെ അവള്‍ മൊഴിഞ്ഞു,"ആ അമ്മക്കിളിക്കൂടടയ്ക്കാം".അനുസരണയോടെ പിച്ചവെച്ച് എന്‍റെ കൈകളും പിടിച്ച് അമ്മ!.അമ്മക്കിളിക്കൂടിന്‍റെ വാതിലടയുന്നത് ഞാന്‍ പുറത്തുനിന്നു കണ്ടു.സെല്‍ ശബ്ദിച്ചു.അവള്‍ മൊഴിഞ്ഞു,"എനിക്കുവിശക്കുന്നു,ഞാന്‍ കഴിച്ചുതുടങ്ങി".ഞാന്‍ തിടുക്കത്തില്‍ അവളുടെയടുക്കലേക്കു കുതിച്ചു.
സ്വപ്നം
മുപ്പതു ദിവസങ്ങള്‍ക്കു ശേഷമാണ് അയാളുറക്കമുണര്‍ന്നത്!ആ ഉറക്കം അയാള്‍ക്ക് ഒരു ദിവസത്തെ ഉറക്കം പോലെയാണ് തോന്നിപ്പിച്ചത.മരണവും ജീവിതവും തമ്മിലൊരു പിടിവലിയായിരുന്നു.ഒടുവില്‍ ജീവിതം തന്നെ ജയിച്ചു.മരണം തന്‍റെയവസരത്തിനായി തക്കം പാര്‍ത്തിരുന്നു.ആ ഉറക്കത്തില്‍ അയാളുടെ സ്വപ്നങ്ങള്‍ മുഴുവന്‍ ആകാശത്തിലെ നക്ഷത്രമാകുവാനും,തെളിനീരിലെ പരല്‍മീനാകുവാനും,നാട്ടുവഴികളിലൂടെ കൊതിയൂറുന്ന മാമ്പഴമണത്തിലേക്കൂളിയിടുവാനും,ചേറിന്‍റെ മണത്തില്‍ മുളംകാടിന്‍റെ സംഗീതമാസ്വദിക്കലുമായിരുന്നു.ആ ഉറക്കത്തിലയാള്‍ മുത്തശ്ശിക്കഥകള്‍ കേട്ടു,മുത്തശ്ശന്‍റെ നായാട്ടു കഥകള്‍ കേട്ട് ആടിമൂടി പുതച്ചു കിടന്നു.പഴമയുടെ ചൂരില്‍ നാലുകെട്ടും,അമ്പലക്കുളവും,ചങ്ങാതിമാരും,അരയാല്‍ത്തറയും,നാട്ടുകവലയും തള്ളിക്കയറി വന്നു.ഇടയ്ക്കെപ്പോളോ ആ പഴയ പാട്ടുകള്‍ ചെവിയിലടിച്ചു.ആ പാട്ടുകളെല്ലാം അയാളുടെ ബാല്യകാല സഖിയേക്കുറിച്ചുള്ളതായിരുന്നു!വള്ളിനിക്കറിട്ട ചെറുക്കന്‍ മുതല്‍ മീശ കറുപ്പിച്ച പൊടിപ്പയ്യന്‍ വരെ...സ്വപ്നസഞ്ചാരത്തിനിടയിലാണ് അയാള്‍ ഞെട്ടിയുണര്‍ന്നത്."ഡാഡ്,ഡാഡ്..ആര്‍ യൂ ആള്‍ റൈറ്റ്".കുട്ടികളുടെ വികാരരഹിതമായ മുഖങ്ങള്‍!ലിപ്സ്റ്റിക്കിട്ട ചുണ്ടുകള്‍ വിതുമ്പുന്നതും കവിളുകളിലെ കടും റൂഷ് വികൃതമാകുന്നതും കണ്ടപ്പോള്‍ അയാള്‍ ഭയത്തോടെ കണ്ണുകളടച്ചു *** ആ സ്വപ്നഭൂമിയിലേക്കു തിരിച്ചുപോയിരുന്നെങ്കില്‍!!!
Friday, November 27, 2009
ഭ്രാന്തന്‍
വീട്ടിലേക്കുള്ള വഴി മറന്നു പോയിരുന്നു.മതിഭ്രമങ്ങളുടെ ചിറകിലേറി മായാലോകത്തായിരുന്നു താമസം.എന്നാലിപ്പോള്‍ എനിക്ക് എന്‍റെ വീട്ടിലേക്കൂള്ള വഴിയറിയാം.പക്ഷെ അവരാരും എന്നെ അറിയുന്നില്ലെന്നു പറയുന്നു!ഞാന്‍ വീണ്ടും മതിഭ്രമങ്ങളുടെ കയത്തിലേക്കു വീണതുപോലെ?ഇനി വിഭ്രാന്തിയുടെ ചിറകിലേക്ക് വീണ്ടും നടന്നു കയറാം.അഭിനയിക്കാം.അഭിനയമാണല്ലോ ജീവിതം!!!
Friday, November 20, 2009
സംന്ന്യാസി
വരള്‍ച്ച തന്നെ...എങ്ങും കൊടിയ വരള്‍ച്ച! .ഗ്രാമത്തില്‍ കൃഷിക്കാര്‍ വട്ടം കൂടി.അവര്‍ കൂടി യാലോചിക്കുവാന്‍ തുടങ്ങി.മഴ പെയ്തില്ലെങ്കില്‍ കൃഷി നശിക്കും,വേറെ പോംവഴികളേക്കുറിച്ചാലോചിക്കാനായിരുന്നു അവര്‍ കൂട്ടം കൂടിയത്.അവസാനമവരൊരു നിര്‍ണ്ണയത്തിലെത്തി."ദൈവത്തോടപേക്ഷിക്കുക".അടുത്ത പ്രഭാതത്തില്‍ ഗ്രാമത്തിലെ അരയാല്‍ത്തറയിലൊരു സംന്ന്യാസി വന്നു.കാഷായ വസ്ത്രം ധരിച്ച് താടിയും മുടിയും നീട്ടിവളര്‍ത്തി വലിയ രുദ്രാക്ഷമാലയണിഞ്ഞ സംന്ന്യാസി!.സംന്ന്യാസി മുഴുവന്‍ സമയവും ധ്യാനാവസ്ഥയിലായിരുന്നു!.അന്നു വൈകുന്നേരം കിഴക്കുനിന്നും പിശറന്‍ കാറ്റ് വീശുവാന്‍ തുടങ്ങി.കാറ്റിനൊപ്പം ആകാശത്തിലെ കിളിവാതിലുകളെത്തുറന്ന് മഴ പെയ്യുവാന്‍ തുടങ്ങി.തോടുകളും ,നദികളും,കുളങ്ങളുമെല്ലാം നിറഞ്ഞു കവിഞ്ഞു!.അടുത്ത പ്രഭാതം മുതല്‍ സംന്ന്യാസിയുടെ തിരുമുമ്പില്‍ പലവിധഭോജ്യങ്ങള്‍ നിരന്നുതുടങ്ങി.അനുഗ്രഹാശീര്‍വാദങ്ങള്‍ക്കായി ഭക്തജനങ്ങളുടെ തിക്കും തിരക്കും!ഒരു രാത്രി തിരക്കെല്ലാമൊഴിഞ്ഞപ്പോള്‍ അരയാല്‍ തിരക്കി,"കപടസംന്ന്യാസി,വേഷധാരി എന്തിനാണീകാപട്യം?മഴ പെയ്തത് നിങ്ങളുടെ ശക്തിയാലല്ലല്ലോ?സംന്ന്യാസി ഊറിച്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു."മണ്ടന്‍മാരാണിവര്‍,ശുദ്ധവിഡ്ഢികള്‍".വീണ്ടും ധ്യാനത്തിലമര്‍ന്നു.....ആല്‍മരത്തിന്‍റെ ഇലകള്‍ പൊഴിഞ്ഞുതുടങ്ങി.സംന്ന്യാസിയുടെ മുന്‍പിലെ ഭോജ്യങ്ങളുടെ അളവും!ഒരു പ്രഭാതത്തില്‍ അരയാല്‍ ഉണങ്ങി നിലത്തുപതിച്ചു.സംന്ന്യാസിയുടെ പൊടിപോലുമുണ്ടായിരുന്നില്ല!!!!
ചാറ്റിംഗ്
സൈബര്‍ ചിലന്തി വലയിലൂടെ കൂടുകളില്‍ നിന്നും കൂടുകളിലേക്ക് കയറിപ്പോയ തനൂജ എപ്പോളാണോ ഓര്‍ക്കുട്ടിന്‍റെ അടുക്കല്‍ പരുങ്ങിനിന്നതെന്നറിയില്ല.ചാറ്റ്റൂമിന്‍റെ സ്വകാര്യതയില്‍ വില്‍ഫ്രഡിനെ തനിച്ച് കണ്ടപ്പോള്‍ സ്ക്രാപ്പുകള്‍ ഒമിറ്റു ചെയ്യാനാണുതോന്നിയത്.വൃത്തികെട്ട വൈറസ് ബാധിച്ചവന്‍.അയാളെ തന്‍റെ ഫേസ്ബുക്കിലേക്ക് ക്ഷണിക്കന്‍ മനസ്സുവന്നില്ല.ഇന്നലെ പുതിയതായി താന്‍ ക്ഷണിച്ച അക്ഷയുടെ ദൃഢമായ മുഖമാണ് ഫേസ്ബുക്കിന്‍റെ വശ്യതയിലേക്ക് തനൂജയെ നയിച്ചത്.ചാറ്റ് മുറിയുടെ വാതില്‍ക്കലെ പച്ച സിഗ്നല്‍ ലൈറ്റുകളിലൂടെ തനിക്കായി കാത്തിരിക്കുന്നവരെ നിരാശരാക്കി തനൂജ തന്‍റെ പുതിയ കൂട്ടുകാരനുമായി ചാറ്റിംഗ് ആരംഭിച്ചുകഴിഞ്ഞിരുന്നു. പുതിയപുതിയ സ്ക്രറാപ്പുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ഓരോന്നായി വായിച്ചും ,റിപ്ളെ ചെയ്തും,ഡിലീറ്റ് ചെയ്തും കൈകള്‍ കുഴഞ്ഞു.തന്‍റെ മനസ്സ് നൂറോളം ചിലന്തിവല പ്രണയ റിക്വസ്റ്റുകളില്‍ കുരുങ്ങിക്കിടക്കുകയാണല്ലോയെന്നോര്‍ത്ത് സന്തോഷിച്ചു.ഇപ്പോളവളെക്കണ്ടാല്‍ വെളിച്ചത്തില്‍ തൂങ്ങിക്കിടക്കുന്ന കടവാതിലിനെയോര്‍മ്മപ്പെടുത്തി.ലക്ഷക്കണക്കിന് സൈബര്‍ കടവാതിലുകളിലൊരെണ്ണം.ബ്ലോഗാനയുടെ ചവറുകളില്‍ നിന്നും ആക്ബര്‍ തന്‍റെ കൂവല്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.വലിയൊരു ജനക്കൂട്ടത്തില്‍ ചെറിയൊരു കൂവല്‍ കൊണ്ട് എന്തു കാര്യം!അക്ഷയിന് ബോറടിച്ചുതുടങ്ങിയോ? അതോ സമയക്കുറവോ? അവനില്‍നിന്നും തെന്നിമാറി തനൂജ പുതിയ കൂടുകളുടെ വാതില്‍ തുറന്ന് പ്രൊഫൈലുകള്‍ സസൂഷ്മം പരിശോദിക്കുവാന്‍ തുടങ്ങി.ഇടയ്ക്ക് എപ്പോഴാണെന്നറിയില്ല അച്ഛന്‍റെ ശബ്ദം യാഹു മെസഞ്ചറില്‍ തള്ളിക്കയറി വന്നത്.വല്ലാത്തൊരീര്‍ഷ്യയവളെ പൊതിഞ്ഞു.മോളേയെന്നവിളിക്ക് മറുപടി പറയാന്‍ തോന്നിയില്ല.തനൂജാ ഹൌ ആര്‍ യൂഡാ? അച്ഛനെ തള്ളിമാറ്റി പ്രശാന്ത് ബംഗലൂരില്‍ നിന്നും മൊഴിഞ്ഞു.അവളുടെ മനസ്സിന്‍റെ ഇലക്ട്രോണിക് തന്ത്രികളില്‍ സപ്തസ്വരങ്ങള്‍ വിരിഞ്ഞു...തനൂജ ചാറ്റിംഗ് തുടര്‍ന്നുകൊണ്ടേയിരുന്നു!!!ഉറങ്ങിയതെപ്പോളാണെന്നറിയില്ല.ഉറക്കത്തില്‍ സ്വപ്നമാകുന്ന ചിലന്തിവലക്കൂട്ടില്‍ അമ്മ അവളുമായി ചാറ്റുചെയ്യാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു!അകലങ്ങളിലെവിടെയോ നഷ്ടപ്പെടുന്ന മക്കള്‍ക്കായി മറന്ന പാസ് വേര്‍ഡിനായി പരതിക്കൊണ്ടിരുന്നു.
വേട്ടക്കാരനും കിളിയും
കിളി പറന്നുപറന്നുയര്‍ന്നു.വേട്ടക്കാരന്‍ കുലച്ച വില്ലുമായി പുറകേയും.അര്‍ക്കും ജയമില്ലാത്ത വേഗത്തില്‍ ഇരുവരും പാഞ്ഞുകൊണ്ടിരുന്നു.കിളി ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്,പച്ചപ്പു നിറഞ്ഞ ശാഖകളിലൂടെ ഒളിച്ചു കളിച്ചു.ഉയരത്തിലുള്ള ശാഖകളിലിരുന്ന് കിളി വേട്ടക്കാരനെ കളിയാക്കി പാട്ടുകള്‍ പാടിത്തുടങ്ങി.വേട്ടക്കാരന്‍ തോറ്റുപിന്‍മാറുവാനായി ഒരുങ്ങിയിറങ്ങിയവനായിരുന്നില്ല.കിളിയെ പിടികൂടുകയെന്ന ജീവിതലക്ഷ്യവുമായി വൃക്ഷച്ചുവട്ടില്‍ കാത്തുകിടന്നു.കിളിക്കു മടുത്തു.അടുത്ത വൃക്ഷത്തലപ്പുതേടി പറന്നു.പുറകെ വേട്ടക്കാരനും.അകലെ മരങ്ങള്‍ കടപുഴകി വീഴുന്നതിന്‍റെ വലിയ ശബ്ദകോലാഹലം!ഓരോ മരങ്ങളിലും ഈര്‍ച്ചവാള്‍ മുറിവുകള്‍!കിളി പറന്നുപറന്ന് തളര്‍ന്നപ്പോള്‍ പഴയ വൃക്ഷത്തലപ്പുകളെത്തിരഞ്ഞു.ഒരൊറ്റ വൃക്ഷത്തലപ്പുപോലുമില്ല.കിളി തന്‍റെ ചിറകുകള്‍ കുഴഞ്ഞ് നിലത്തുപതിച്ചു.മരക്കുറ്റികള്‍ക്കടുത്ത് തനിക്കായി കൊതിയോടെ നില്‍ക്കുന്ന വേട്ടക്കാരനെ വീഴ്ചക്കിടയിലും കിളി കണ്ടു.അയാള്‍ പുറകെത്തന്നെയുണ്ടായിരുന്നങ്കിലും കടുത്ത ഉഷ്ണത്തില്‍ ദാഹപരവശനായി തളര്‍ന്നുപോയിരുന്നു.അമ്പു കുലയ്കുവാന്‍ ശക്തിയില്ലാതെയയാള്‍ കിളിക്കടുത്തായി കുഴഞ്ഞു വീണു.ആയുധങ്ങള്‍ കൈകളില്‍ നിന്നും ദുരേയ്ക്കു തെറിച്ചുപോയി.അത്യുഷ്ണത്തിലും അയാള്‍ കിളിയെപ്പിടിക്കാന്‍ വ്യഥാ ശ്രമിച്ചു.ഒടുവില്‍ പരാജിതനായി ചൂടുമണലില്‍ തളര്‍ന്നുകിടന്നു.ദീര്‍ഘ നിശ്വാസങ്ങള്‍ക്കൊടുവില്‍ വേട്ടക്കാരന്‍ അപേക്ഷിച്ചു,"പ്രീയകിളിയേ...നീ ആ പഴയപാട്ടൊന്നു പാടുമോ?".കിളി തന്‍റെ തളര്‍ച്ചയിലും മനോഹരമായി പാടിത്തുടങ്ങി...ഉണങ്ങിയ ഒരു മരക്കുറ്റിയില്‍ നിന്നും ചെറു തളിര് നാമ്പിട്ടു!
Thursday, November 19, 2009
സ്വകാര്യവത്കരണം
ഒരു പട്ടിയെ എറിയാനാണ് ഒരു കല്ലെടുക്കാന്‍ കുനിഞ്ഞത്.അമേരിക്കന്‍ പട്ടി ക്രൂരമായി മുരണ്ടു,"ആ കല്ലെടുക്കരുത് അതു വിറ്റുപോയി".
എയ്യൂ കൂരമ്പുകള്‍
"മാ നിഷാദാ" കിളിയാദ്യം കാട്ടാളനോട് കേണു. ഇന്ന് "എയ്യൂ കൂരമ്പുകള്‍". കിളി കാട്ടാളനോട് അപേക്ഷിച്ചു. "എന്‍റെ പ്രേയസി പിഴച്ചുപോയി".
കുരങ്ങന്‍
പുതിയതായി മുളച്ച നീണ്ട വാലും രോമങ്ങള്‍ നിറഞ്ഞ ശരീരവുമായി അയാള്‍ മരമുകളിലിരുന്ന് താഴേക്കുനോക്കി പല്ലിളിച്ചു.
വില്‍പ്പനക്കാരന്‍
സമയവില്‍പ്പനക്കടയില്‍ ചെന്ന് ഞാന്‍ കേണു, ഒരഞ്ചുരൂപയ്ക്ക് ഒരഞ്ചുമിനിട്ട്.വില്‍പ്പനക്കാരന്‍ പറഞ്ഞു, ഓര്‍ഡറുകള്‍ കൂടുതലുളളതിനാല്‍ നീക്കിയിരിപ്പൊന്നുമില്ല. കടയുടെ മുന്പില്‍ ഞാന്‍ സമയത്തിനായി പിടഞ്ഞുപിടഞ്ഞു കേണു....വില്‍പ്പനക്കാരന്‍ നിസ്സംഗതനായി ജോലി തുടര്‍ന്നുകൊണ്ടിരുന്നു.
Wednesday, November 18, 2009
ഒരു മരം
അകലങ്ങളിലെവിടെയോ മാഞ്ഞുപോയ മഴചാറ്റലിന്‍റെ ഓര്‍മ്മയില്‍ നനഞ്ഞ ഓര്‍മ്മകളുമായി ഒരു മരം.കടുത്ത അള്‍ട്രാവയലറ്റ് കിരണങ്ങളാല്‍ വരണ്ടുണങ്ങിയപ്പോള്‍ വെറുതെ കേണു, "ഒരു മഴ പെയ്തെങ്കില്‍".വേരുകളില്‍ ചിതലെടുത്തപ്പോള്‍ നിലത്ത് പതുങ്ങിക്കിടന്ന് ആ മരം വീണ്ടും കേണു, "സ്വര്‍ഗ്ഗവാതില്‍ പക്ഷിയൊന്ന് പാടിയെങ്കില്‍".ആരോ എറിഞ്ഞ ഒരു സിഗരറ്റുകുറ്റിയിലൂടെ ആ മരം കാടിനെ കരിച്ചുകളഞ്ഞു.
കടുകുമണി
വളരുകയായിരുന്നു ഞാന്‍,ആകാശം മുട്ടെ! ശാഖകള്‍ വിടര്‍ത്തി.വളര്‍ന്നുവളര്‍ന്നൊടുവില്‍ ഒരു കടുകുമണിയായി ഭൂമിയില്‍ പതിച്ചു.
വിപ്ലവാഗ്നി
ഇതില്‍ നിന്നൊന്ന് പുറത്തുകടന്നിരുന്നെങ്കില്‍ ,ചെഗുവേര ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.ബൊളീവിയന്‍ കാടുകളെ വിപ്ലവാഗ്നിയാല്‍ തീ പിടിപ്പിച്ച, വീറീന്‍റെ അഗ്നിയെ തളച്ച യാങ്കി ടീഷര്‍ട്ട് കമ്പനിയെ ചെഗു ശപിച്ചു.ആരാവും രക്ഷിക്കുക? അതേ ടീഷര്‍ട്ടിന്‍റെ മുന്‍വശത്തിരുന്ന് സാനിയ പുഞ്ചിരിച്ചുകൊണ്ടിരുന്നു.
Tuesday, November 17, 2009
ഭൂതം
വലിയൊരു സമുദ്രത്തെ ഒരു ചെറിയ കുപ്പിയിലേക്കാവാഹിച്ച് ഭൂതം പതിനാലു രൂപയ്ക്കു വില്‍ക്കാന്‍ തുടങ്ങി.
കള്ളന്‍
ഒരു മരം മുറിക്കാനാണ് കള്ളന്‍ എത്തിയത്.ഒടുവില്‍ മരുഭൂമിയില്‍ കള്ളന്‍ തന്റ്റെ മഴുവുമായി ഒരു നെടുവീര്‍പ്പിനായി കേണു.
കാത്തിരുപ്പ്
അയാളോട് അക്ഷരം വീണ്ടും വീണ്ടും തിരക്കി,"പവിഴമുത്തുകളായിത്തീരാന്‍ ഞാന്‍ എ(ത നാള്‍ കാത്തിരിക്കണം".കവി തന്റെ തോക്കില്‍ വിറയലോടെ മുറുകെപ്പിടിച്ചു പറഞ്ഞു, "ഒരു വെടിയുണ്ടയകലംവരെ,അതിനു ശേഷം നമുക്കു സ്വതന്ത്രരാകാം".
ഭ്രൂണം
അമ്മയുടെ ഉള്കാമ്പിലിരുന്നൊരു മുള പുറത്തേക്ക് തലനീട്ടിത്തുടങ്ങി.കുഴല്കിണറിന്റ്റെ ഇരുമ്പ് ദണ്ഡ് ഹുങ്കാര ശബ്ദത്തില് അമ്മയെ ബലാല്കാരം ചെയ്തപ്പോള്‍ ആ ഭ്രൂണം ചതഞ്ഞരഞ്ഞ് ചത്തുപോയി.
അതിഥി
വരുവാനാരുമില്ലെന്നറിയാം.തേടിയെത്തുവാനും.തിരച്ചിലുകളൊന്നുമില്ലെതെ ഒരതിഥിയെത്തി.ഇല്ല...ഞാന് വരികയില്ലെന്ന് ശഠിച്ചു!പക്ഷെ...ആ അതിഥിയെന്നെ സ്വപ്നഭൂമിയിലേക്കു നയിച്ചു!
ജീവിതപൂട്ട്
വിറയ്ക്കുന്ന ചെറുതായനങ്ങുന്ന വിരല്തുബ്ബാല് തുരുബ്ബിച്ച ജീവിത താക്കോല് തിരിക്കാന് കഠിനശ്രമം.ഒരുവേള,ഒരു ക്ഷണം ഈ നീറ്പോള പൊട്ടാതിരുന്നെങ്കില്.
Subscribe to:
Posts (Atom)