കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Friday, November 20, 2009

വേട്ടക്കാരനും കിളിയും

കിളി പറന്നുപറന്നുയര്‍ന്നു.വേട്ടക്കാരന്‍ കുലച്ച വില്ലുമായി പുറകേയും.അര്‍ക്കും ജയമില്ലാത്ത വേഗത്തില്‍ ഇരുവരും പാഞ്ഞുകൊണ്ടിരുന്നു.കിളി ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക്,പച്ചപ്പു നിറഞ്ഞ ശാഖകളിലൂടെ ഒളിച്ചു കളിച്ചു.ഉയരത്തിലുള്ള ശാഖകളിലിരുന്ന് കിളി വേട്ടക്കാരനെ കളിയാക്കി പാട്ടുകള്‍ പാടിത്തുടങ്ങി.വേട്ടക്കാരന്‍ തോറ്റുപിന്‍മാറുവാനായി ഒരുങ്ങിയിറങ്ങിയവനായിരുന്നില്ല.കിളിയെ പിടികൂടുകയെന്ന ജീവിതലക്ഷ്യവുമായി വൃക്ഷച്ചുവട്ടില്‍ കാത്തുകിടന്നു.കിളിക്കു മടുത്തു.അടുത്ത വൃക്ഷത്തലപ്പുതേടി പറന്നു.പുറകെ വേട്ടക്കാരനും.അകലെ മരങ്ങള്‍ കടപുഴകി വീഴുന്നതിന്‍റെ വലിയ ശബ്ദകോലാഹലം!ഓരോ മരങ്ങളിലും ഈര്‍ച്ചവാള്‍ മുറിവുകള്‍!കിളി പറന്നുപറന്ന് തളര്‍ന്നപ്പോള്‍ പഴയ വൃക്ഷത്തലപ്പുകളെത്തിരഞ്ഞു.ഒരൊറ്റ വൃക്ഷത്തലപ്പുപോലുമില്ല.കിളി തന്‍റെ ചിറകുകള്‍ കുഴഞ്ഞ് നിലത്തുപതിച്ചു.മരക്കുറ്റികള്‍ക്കടുത്ത് തനിക്കായി കൊതിയോടെ നില്‍ക്കുന്ന വേട്ടക്കാരനെ വീഴ്ചക്കിടയിലും കിളി കണ്ടു.അയാള്‍ പുറകെത്തന്നെയുണ്ടായിരുന്നങ്കിലും കടുത്ത ഉഷ്ണത്തില്‍ ദാഹപരവശനായി തളര്‍ന്നുപോയിരുന്നു.അമ്പു കുലയ്കുവാന്‍ ശക്തിയില്ലാതെയയാള്‍ കിളിക്കടുത്തായി കുഴഞ്ഞു വീണു.ആയുധങ്ങള്‍ കൈകളില്‍ നിന്നും ദുരേയ്ക്കു തെറിച്ചുപോയി.അത്യുഷ്ണത്തിലും അയാള്‍ കിളിയെപ്പിടിക്കാന്‍ വ്യഥാ ശ്രമിച്ചു.ഒടുവില്‍ പരാജിതനായി ചൂടുമണലില്‍ തളര്‍ന്നുകിടന്നു.ദീര്‍ഘ നിശ്വാസങ്ങള്‍ക്കൊടുവില്‍ വേട്ടക്കാരന്‍ അപേക്ഷിച്ചു,"പ്രീയകിളിയേ...നീ ആ പഴയപാട്ടൊന്നു പാടുമോ?".കിളി തന്‍റെ തളര്‍ച്ചയിലും മനോഹരമായി പാടിത്തുടങ്ങി...ഉണങ്ങിയ ഒരു മരക്കുറ്റിയില്‍ നിന്നും ചെറു തളിര് നാമ്പിട്ടു!

1 comment:

  1. എവിടെ നാമ്പിടാന്‍....ഇത്തിരി ഒന്നു വളര്‍ന്ന് വന്നോട്ടെ....അതും ഞങ്ങള്‍ വെട്ടും........

    ReplyDelete