കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Friday, November 20, 2009

ചാറ്റിംഗ്

സൈബര്‍ ചിലന്തി വലയിലൂടെ കൂടുകളില്‍ നിന്നും കൂടുകളിലേക്ക് കയറിപ്പോയ തനൂജ എപ്പോളാണോ ഓര്‍ക്കുട്ടിന്‍റെ അടുക്കല്‍ പരുങ്ങിനിന്നതെന്നറിയില്ല.ചാറ്റ്റൂമിന്‍റെ സ്വകാര്യതയില്‍ വില്‍ഫ്രഡിനെ തനിച്ച് കണ്ടപ്പോള്‍ സ്ക്രാപ്പുകള്‍ ഒമിറ്റു ചെയ്യാനാണുതോന്നിയത്.വൃത്തികെട്ട വൈറസ് ബാധിച്ചവന്‍.അയാളെ തന്‍റെ ഫേസ്ബുക്കിലേക്ക് ക്ഷണിക്കന്‍ മനസ്സുവന്നില്ല.ഇന്നലെ പുതിയതായി താന്‍ ക്ഷണിച്ച അക്ഷയുടെ ദൃഢമായ മുഖമാണ് ഫേസ്ബുക്കിന്‍റെ വശ്യതയിലേക്ക് തനൂജയെ നയിച്ചത്.ചാറ്റ് മുറിയുടെ വാതില്‍ക്കലെ പച്ച സിഗ്നല്‍ ലൈറ്റുകളിലൂടെ തനിക്കായി കാത്തിരിക്കുന്നവരെ നിരാശരാക്കി തനൂജ തന്‍റെ പുതിയ കൂട്ടുകാരനുമായി ചാറ്റിംഗ് ആരംഭിച്ചുകഴിഞ്ഞിരുന്നു. പുതിയപുതിയ സ്ക്രറാപ്പുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ ഓരോന്നായി വായിച്ചും ,റിപ്ളെ ചെയ്തും,ഡിലീറ്റ് ചെയ്തും കൈകള്‍ കുഴഞ്ഞു.തന്‍റെ മനസ്സ് നൂറോളം ചിലന്തിവല പ്രണയ റിക്വസ്റ്റുകളില്‍ കുരുങ്ങിക്കിടക്കുകയാണല്ലോയെന്നോര്‍ത്ത് സന്തോഷിച്ചു.ഇപ്പോളവളെക്കണ്ടാല്‍ വെളിച്ചത്തില്‍ തൂങ്ങിക്കിടക്കുന്ന കടവാതിലിനെയോര്‍മ്മപ്പെടുത്തി.ലക്ഷക്കണക്കിന് സൈബര്‍ കടവാതിലുകളിലൊരെണ്ണം.ബ്ലോഗാനയുടെ ചവറുകളില്‍ നിന്നും ആക്ബര്‍ തന്‍റെ കൂവല്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു.വലിയൊരു ജനക്കൂട്ടത്തില്‍ ചെറിയൊരു കൂവല്‍ കൊണ്ട് എന്തു കാര്യം!അക്ഷയിന് ബോറടിച്ചുതുടങ്ങിയോ? അതോ സമയക്കുറവോ? അവനില്‍നിന്നും തെന്നിമാറി തനൂജ പുതിയ കൂടുകളുടെ വാതില്‍ തുറന്ന് പ്രൊഫൈലുകള്‍ സസൂഷ്മം പരിശോദിക്കുവാന്‍ തുടങ്ങി.ഇടയ്ക്ക് എപ്പോഴാണെന്നറിയില്ല അച്ഛന്‍റെ ശബ്ദം യാഹു മെസഞ്ചറില്‍ തള്ളിക്കയറി വന്നത്.വല്ലാത്തൊരീര്‍ഷ്യയവളെ പൊതിഞ്ഞു.മോളേയെന്നവിളിക്ക് മറുപടി പറയാന്‍ തോന്നിയില്ല.തനൂജാ ഹൌ ആര്‍ യൂഡാ? അച്ഛനെ തള്ളിമാറ്റി പ്രശാന്ത് ബംഗലൂരില്‍ നിന്നും മൊഴിഞ്ഞു.അവളുടെ മനസ്സിന്‍റെ ഇലക്ട്രോണിക് തന്ത്രികളില്‍ സപ്തസ്വരങ്ങള്‍ വിരിഞ്ഞു...തനൂജ ചാറ്റിംഗ് തുടര്‍ന്നുകൊണ്ടേയിരുന്നു!!!ഉറങ്ങിയതെപ്പോളാണെന്നറിയില്ല.ഉറക്കത്തില്‍ സ്വപ്നമാകുന്ന ചിലന്തിവലക്കൂട്ടില്‍ അമ്മ അവളുമായി ചാറ്റുചെയ്യാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു!അകലങ്ങളിലെവിടെയോ നഷ്ടപ്പെടുന്ന മക്കള്‍ക്കായി മറന്ന പാസ് വേര്‍ഡിനായി പരതിക്കൊണ്ടിരുന്നു.

1 comment: