കഥക്കൂട്ടിലേക്ക് സ്വാഗതം
ഒരു നിമിഷം....
സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....
Tuesday, December 1, 2009
രാജാക്കന്‍മാര്‍
അവന്‍റെ ഹൃദയത്തിന്‍റെ താക്കോല്‍ പഴുതിലൂടെയവര്‍ ഒളിഞ്ഞു നോക്കി.അവിടെ പുള്ളിപ്പുലിയും,ബാലസിംഹവും,പാമ്പും,കുട്ടികളും ഒരുമിച്ചു കളിക്കുന്നതു കണ്ടു.എങ്ങും വെളിച്ചം തന്നെ വെളിച്ചം!തേജ്ജസ്സിന്‍റെ പ്രഭാവം!പാപവും ശാപവുമില്ല.ഒളിഞ്ഞു നോക്കിയവര്‍ തങ്ങളുടെ ഹൃദയമാകുന്ന താക്കോലുകളാല്‍ ആ വാതില്‍ തുറന്നു. അവര്‍ അവിടെ രാജാക്കന്‍മാരായി വാഴുവാന്‍ തുടങ്ങി.
ഒരു യാത്രയുടെ അന്ത്യം
ഇരുണ്ട ഗുഹയിലൂടെയുള്ള കുത്തൊഴുക്ക്.ആരംഭത്തിലെ മിന്നല്‍ വെളിച്ചത്തില്‍ പുകമറപോലൊരു നഗരം കണ്ടിരുന്നു.വീണ്ടും യാത്രതന്നെ യാത്ര.രക്ഷക്കായി ഇരുട്ടില്‍ പരതിക്കൊണ്ടായിരുന്നു യാത്ര.അവസാനം പുഴുക്കളരിക്കുന്ന ഒരു കുഴിയിലേക്കാണു പതിച്ചത്.പുഴുക്കള്‍ ശരീരം മുഴുവന്‍ പുഴുക്കള്‍."രക്ഷ,ഇവിടെ നിന്നൊരു രക്ഷ,"ആരോ ഞരങ്ങിയ ശബ്ദത്തില്‍ പിറുപിറുത്തു."ഇതാണു നിങ്ങളുടെ രക്ഷ".പാപത്തിന്‍റെ ഭൂതങ്ങള്‍ പല്ലിറുമ്മിക്കൊണ്ടിരുന്നു.
ഏകാധിപത്യം
യജമാനന്‍ തന്‍റെ സേവകനെ നിശീതമായി ശകാരിച്ചു.സേവകന്‍ തന്‍റെ ഭാര്യയെ ശകാരിക്കുവാനാരംഭിച്ചു.ഭാര്യ കുട്ടികളെ നീചമായി ശകാരിച്ചു.കുട്ടികളോ പട്ടികളെ തൊഴിക്കാനും!പട്ടി അടുത്തവീട്ടിലെ പൂച്ച........അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു!.
സൈബര്‍ പ്രണയം
ഏകദേശം മൂവായിരത്തോളം ഓര്‍കൂട്ട് സ്ക്രാപ്പുകള്‍!!!ഫേസ്ബുക്കിന്‍റെ വാളുകളില്‍,നോട്ട്സുകള്‍ എണ്ണം പറയാനേ വയ്യാ!!ജീമെയിലും,റിഡീഫും,യാഹുവും അവയുടെ ഇന്‍ബോക്സുകളെ ഫയലുകളാക്കേണ്ടി വന്നു.എത്രയെത്ര ചാറ്റിംഗുകള്‍!!യാഹു മെസ്സഞ്ചറിലൂടെ തന്ന ചക്കരയുമ്മകള്‍!!ഫോര്‍വേഡുമെസ്സേജുകളുടെ ചാകരയായിരുന്നു.അകൌണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്ത എമൌണ്ടു നോക്കിയാല്‍ പറയുകയും വേണ്ട.ഒടുവില്‍ ഗൂഗിളില്‍ എത്രവട്ടം സെര്‍ച്ച് ചെയ്തിട്ടും ആ ജീമെയില്‍ ഐഡി കണ്ടെത്താന്‍ സാധിച്ചില്ല.അവസാനം "റ്റ്വിറ്ററില്‍"ഇങ്ങനെയെഴുതി,"ഞാനിന്നലെവരെ ചാറ്റിംഗിലായിരുന്നു,ഇപ്പോള്‍ ചീറ്റിംഗിലായി".
Subscribe to:
Posts (Atom)