കഥക്കൂട്ടിലേക്ക് സ്വാഗതം

കഥക്കൂട്ടിലേക്ക് സ്വാഗതം

ഒരു നിമിഷം....

സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....

Wednesday, January 27, 2010

അരൂപിയുടെ യാത്ര

വെണ്‍പ്രകാശത്തില്‍ വിഷാദനായി ഒരാള്‍.അയാള്‍ തോളിലെ ദ്രവിച്ച മരക്കഷണങ്ങളില്‍ തെരുപിടിച്ചു.നെറ്റിയിലെ മുറിവുകള്‍ ഇനിയുമുണങ്ങിയിട്ടില്ല.കൈകളില്‍നിന്നും കാല്പാദങ്ങളില്‍നിന്നും രക്തം കിനിഞ്ഞിറങ്ങുന്നു."അവനെ ക്രൂശിക്ക,അവനെ ക്രൂശിക്ക".ആര്‍ത്തട്ടഹാസം ചെവിയില്‍ മുഴങ്ങുന്നുണ്ട്.റൊട്ടി മുറിച്ചുകൊടുത്തപ്പോഴും തള്ളിപ്പറഞ്ഞവ ന്‍റെ കണ്ണുകളിലേക്ക് ദയയോടെയേ നോക്കിയിരുന്നുള്ളു.അന്ത്യചുംബനത്തിന്‍റെ കയ്പിന് സാഹോദര്യത്തിന്‍റ മധുരം ചാലിച്ചിരുന്നു.തന്‍റെ പഞ്ഞിയുടുപ്പിന്‍റെ വെണ്‍മയില്പോലും ശുദ്ധരായവര്‍ എത്രയോപേര്‍!അവന്‍ നെടുവീര്‍പ്പുതിര്‍ത്തു.തിരഞ്ഞിറങ്ങിയതായിരുന്നു...കരുണാര്‍ദ്രമായി,"എന്‍റെ മക്കളെ,അരുത്"..."പിടിക്കവനെ".ക്രൂരമായ അട്ടഹാസം.പോര്‍വിമാനങ്ങളില്‍ അത്യാധുനിക യുദ്ധ സാമഗ്രികളുമായി കിങ്കരര്‍ പറന്നിറങ്ങി."ശേഷിച്ച മരത്തടിയില്‍ തറച്ചുവയ്ക്കു,മറ്റുള്ളവര്‍ക്കൊരു പാഠമാകട്ടെ".കിങ്കരര്‍ അവനെ ശേഷിച്ച ദ്രവിച്ച മരത്തടിയില്‍ തറച്ചുവച്ചു...യുദ്ധാവശിഷ്ടങ്ങളില്‍നിന്നും ഇരുപാര്‍ശ്വങ്ങളും വേര്‍പെട്ട ബാല്യമുഖം നിഷ്കളങ്കമായി ചിരിച്ചു."ഞാന്‍ അടുത്തേക്കുവരട്ടെ ".അവന്‍ ആ വേദനയിലും വ്യസനത്തിലും സന്തോഷിച്ചു.മൃദുവായി വിളിച്ചു.."മകനെ,വരൂ".

ലാപ്ടോപ്

അമ്മേ,എനിക്ക് മടുത്തു.ഈ മഴയിലെനിക്ക് നനയണം.തവളപ്പാടുകള്‍ നോക്കി പച്ചത്തവളകളെ കണ്ട് പേടിക്കണം.വലിയ മന്ദാരപുക്കളോടും തൊട്ടാല്‍ വാടിപൂക്കളോടും ചിത്രശലഭങ്ങളോടും കുശലം പറയണം,അമ്മേ...ഈ പച്ചവിരിച്ച പാടവരമ്പത്തൂടെ ഓടിക്കളിക്കണം,കാണാപ്പാഠത്തേക്കാള്‍ എനിക്കിഷ്ടം കണ്ടുപഠിക്കാനാണ്!കൂകിപായുന്ന തീവണ്ടിയാകാനും നീര്‍ച്ചാലുകളില്‍ പരല്‍മീനുകളെ കണ്ട് മുങ്ങാംകുഴിയിടുവാനും കൊതിയാകുന്നമ്മേ!.അമ്മേ എന്നെ കേള്‍ക്കൂ...നീണ്ട നീണ്ട ക്ലാസ്സുകള്‍ എനിക്ക് മടുത്തു.കാണാപ്പാഠങ്ങള്‍ പഠിച്ചും.ഇതില്‍നിന്നൊരു മോചനമില്ലെ?.അവധി ദിവസങ്ങളിലും എന്നെ വെറുതെ വിട്ടുകൂടേ?.കരിക്കട്ട കൊണ്ടും ചോക്കുകഷ്ണങ്ങളാലും ഭിത്തിയിലൊന്നു വരച്ചോട്ടേ?,ഈ മണ്ണില്‍ കളിച്ചോട്ടേ?,നമ്മുടെ തൊടിയിലെ കുളത്തില്‍ കൂട്ടുകാരോടൊത്ത് കരണംമറിഞ്ഞ് കളിച്ചോട്ടേ?,പച്ചപ്ലാവിലകള്‍കൊണ്ടൊരു പമ്പരം!!! അമ്മേ........."മിണ്ടരുത്".അമ്മ മുരണ്ടു.അവനെ ലാപ്ടോപ്പിനുമുന്‍പിലേക്കു തള്ളിയിരുത്തി.സീഡികളിലടങ്ങുന്ന പാഠപുസ്തകങ്ങള്‍ തീറ്റിക്കാന്‍ തുടങ്ങി.

മരണവും പ്രണയവും

"എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു പക്ഷെ എന്‍റെ അച്ഛനുമമ്മയും".അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീരെടുത്തുതുടങ്ങി."എങ്കിലും ഞാനെങ്ങനെ മറക്കും?"അവന് സഹിക്കുന്നതിലപ്പുറമായിരുന്നു ആ വിടവാങ്ങല്‍."എങ്കില്‍ അടുത്തജന്മത്തിലൊരുമിക്കാം".അവള്‍ നടന്നുമറയാനൊരുങ്ങി."ഒരുനിമിഷം".അവനവളുടെ കൈകളില്‍ പിടിച്ചു...ഒരു കാല്‍വയ്പ്!! ആ കമിതാക്കളാകുന്ന കുഞ്ഞനുറുമ്പുകള്‍ ചതഞ്ഞു ചത്തുപോയി.മരണവും പ്രണയവുമിങ്ങനെയാണ്.

Wednesday, January 6, 2010

യജമാനന്‍

മരുഭൂമി തന്നെ മരുഭൂമി.കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണല്‍ക്കാട്ടില്‍ നിന്നും ഒരു കഴുത രോഷത്തോടെയമറി,"എന്‍റെ യജമാനനെവിടെയാണ്?അവനെയെനിക്കു കൊല്ലണം!".

സ്വപ്നാടനം

നടന്നു നടന്നു തളര്‍ന്നു ഞാന്‍.ഇനി ഇന്നലെക്കണ്ട സ്വപ്നത്തിന്‍റെ കഥ മുഴുവനാക്കണം.സ്വപ്നമാകുന്ന ഒരാല്‍മരച്ചുവട്ടിലിരിക്കാം.ഒരല്പനേരം,അതിനു ശേഷം വരണ്ടുണങ്ങിയ നദിയിലെ ഒരു കുമ്പിള്‍ വെള്ളം കുടിക്കണം.ദാഹം തീരില്ലെങ്കിലും.സ്വപ്നാടനത്തില്‍ ഹരിതകത്തിലലിയാം.......കഴുകുകള്‍ കണ്ണുകള്‍ കൊത്തിപ്പറിക്കുന്നത് സ്വപ്നമാണെന്നാണ് കരുതിയത്!.അതു സത്യമായിരുന്നു.ഈ വൃദ്ധയായ ഭൂമി പിളര്‍ന്നു മറഞ്ഞിരുന്നെങ്കില്‍..

നാലാം ലോകം

കാത്തിരുന്നുകാത്തിരുന്നു മടുത്തപ്പോള്‍ ഭാര്യക്കുതോന്നി ഭര്‍ത്താവിനെയൊന്നു വിളിക്കണമെന്ന്.ഉള്ളംകയ്യിലൊളിപ്പിച്ച ചിപ്പിലൂടെ ഹൃദയമാകുന്ന ചാലകം വഴി അവള്‍ തിരക്കി."എവിടെയാണ്?എപ്പോളാണു വരുന്നത്?".മറുപടി വന്നു."ഞാന്‍ ചന്ദ്രനിലൊന്നിറങ്ങി,ഇവിടെ ഹോട്ടല്‍ മൂണ്‍സിറ്റിയില്‍ ആണ് നാളെയേ എത്തൂ,ഗുഡ്നൈറ്റ്".

Tuesday, January 5, 2010

ശാസ്ത്രജ്ഞന്‍

അടിത്തറയില്ലാത്ത വലിയൊരു കോട്ടയുടെ കാവല്‍മാടത്തിലിരുന്ന് ശത്രുവിനെയെണ്ണി ആകാശത്തിലെ നക്ഷത്രങ്ങളോരോന്നും പറിച്ചെടുത്ത് കടലിലെറിഞ്ഞ് ,കടലിനെ ചിപ്പിയാല്‍ കോരി വറ്റിച്ച്,സൂര്യനെ മറച്ചൊരു വലിയ മതില്‍ തീര്‍ത്തു ശാസ്ത്രജ്ഞന്‍!!!

കയറ്റവും ഇറക്കവും

അയാള്‍ പടികള്‍ കയറിയത് വളരെ തിടുക്കത്തോടെയും അശ്രദ്ധവുമായാണ്......അയാള്‍ പടികളിറങ്ങിയത് അതിവ ശ്രദ്ധയോടും പതുക്കെയുമായിരുന്നു!.

പഥികന്‍റെ വിലാപം

ഒരു തണുത്ത പ്രഭാതം.തുഷാര ബിന്ദുക്കളാല്‍ നനവാര്‍ന്ന അന്തമറിയാത്ത പെരുവഴിയില്‍ ഗ്രീഷ്മ സ്വപ്നങ്ങളുടെ കൊഴിഞ്ഞയിലകള്‍ ചിതറിക്കിടന്നു.നടന്നുതേഞ്ഞ വഴികളിലൂടെ വിശാലമായ ലോകത്ത് എത്താമെന്നായിരുന്നു മോഹം പക്ഷെ അതൊരു പാഴ്മോഹമായിരുന്നു.മോഹങ്ങളിലൂടെ വിടരുന്ന പാപപുഷ്പങ്ങള്‍ ഹൃദയത്തെ ലോകത്തിന്‍റെ നശ്വരതയിലേക്കു വലിച്ചിട്ടു.വിശാലമായ ലോകത്തെ പഥികനാണു ഞാന്‍.അത്ഭുതപ്പെടുത്തുന്ന അശിരീരികളില്ലാത്ത ,പരാജിതമായ സ്വപ്നങ്ങളിലൂടെ നടന്ന് ക്ഷീണിച്ച എനിക്കുമുന്‍പില്‍ ഇരുട്ടായിരുന്നു.കട്ടപിടിച്ച ഇരുട്ട്.ആശാകിരണങ്ങള്‍ ആയിരമായിരം പ്രകാശവര്‍ഷങ്ങള്‍ക്കകലെയാണെന്നറിയാം.ഇനിയൊരു ഒഴുക്കാണ് ഈ ഒഴുക്കിനവസാനം എവിടെയാണെത്തിച്ചേരുക?ഇടറി നീങ്ങുന്ന എന്നരുകില്‍ പ്രഭാതത്തിലെ മഞ്ഞിലലിയുന്ന അവ്യക്തതയില്‍ ഒരപരിചിത രൂപം!.ആ അപരിചിതന്‍ എന്നോടൊപ്പം നടന്നുതുടങ്ങി!.ഈ കൊടിയ ശൈത്യത്തില്‍,കടുത്തഹൃദയ സമ്മര്‍ദ്ദത്തില്‍ ഒരുകൂട്ടുണ്ടായല്ലോയെന്നു കരുതി സന്തോഷിച്ചു."നിങ്ങളാരാണ്?".ചോദ്യം ബാലിശമാണെങ്കിലും ചോദിച്ചു."അപരിചിതന്‍".ഉത്തരം പെട്ടെന്നായിരുന്നു.ഞാന്‍ അത്ഭുതത്തോടെ പറഞ്ഞു,"ഞാനും അപരിചിതനാണ്"..."നിങ്ങളുടെ അപരിചിതത്വം നിങ്ങള്‍ സൃഷ്ടിച്ച പുകമറയാണ്",അയാള്‍ തുടര്‍ന്നു."ഈ പുകമറയില്‍ ,അന്ധതയില്‍ എല്ലാം കണ്ടില്ലെന്നു നടിക്കുന്നു".ഞാന്‍ രോഷാകുലനായി."ആരു പറഞ്ഞു കണ്ടില്ലെന്ന്,അടിമകളേയും ഉടമകളേയും കണ്ടില്ലേ?ലോകത്തിലെ ഭീകരവാദം,യുദ്ധാവശിഷ്ടങ്ങളായ കരിഞ്ഞ ബാല്യമുഖങ്ങള്‍,ചിതറിത്തെറിച്ച മാംസത്തുണ്ടുകള്‍,ആറ്റംബോംബുകള്‍,അരാഷ്ട്രിയത്തിന്‍റെ രാഷ്ട്രീയം,കമ്യൂണിസത്തിന്‍റെ തകര്‍ച്ച,മാറുന്ന ലോകം,ആഗോളതപനം...എന്‍റെ കണ്ണുകള്‍ എപ്പോളും തുറന്നുതന്നെയാണിരിക്കുന്നത്"."ആവേശമരുത്,ഇപ്പോള്‍ താങ്കളെവിടെയാണ്?".ആ ചോദ്യത്തിനു മുന്‍പില്‍ ഞാന്‍ കുഴഞ്ഞു വീണു.എന്‍റെ പരാജയം സമ്മതിക്കേണ്ടതായിവന്നു."ഇപ്പോള്‍ ഞാനെവിടെയാണ്?".ഈ ഏകാന്തതയില്‍...എന്‍റെ കണ്ണുകളില്‍ ഇരുട്ടു നിറഞ്ഞുതുടങ്ങി.പരാജയത്തിന്‍റെ കഴ്പുനീരിന് മരണത്തിന്‍റെ സ്വാദായിരുന്നു.ചിരിക്കുന്ന, ഭ്രാന്തുപിടിപ്പിക്കുന്നസമൂഹത്തില്‍ നിന്നും ഞാനകന്നുവെന്നം വെറുതെ തോന്നിയതായിരുന്നു.ഞാന്‍ ആ യന്ത്രത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായി മാറിയതായി തോന്നി.ഇനി മരണമാണ് മരണം ...എല്ലാവരേയും തോല്‍പ്പിക്കേണ്ടത് അതിലൂടെയാണെന്നു തോന്നി.ആ വഴിയരുകില്‍,ഒരു ചെറിയ ബോധക്ഷയത്തില്‍നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു!.അപരിചിതന്‍ അടുത്തുതന്നെയുണ്ടായിരുന്നു.അയാളെന്നിലേക്കലിഞ്ഞുചേരുന്നത് ഞാനത്ഭുതത്തോടെയറിഞ്ഞു!.അയാളെന്‍റെ മനഃസാക്ഷിയായിരുന്നു!.